Monday 9 December 2013

അമ്മയില്ലാ കാലം

ചോറിലെ ഓരോ മുടിയും
വേദനയാകുന്നത്
അമ്മയില്ലാ കാലത്താണ്.
ജലദോഷവും തുമ്മലും
ഓര്‍മകളെ കനം വെപ്പിക്കുന്നത്
അമ്മയില്ലാ കാലത്താണ്
എക്കിള്‍ ഒരു കുരുക്കു പോലെ
തൊണ്ടയെ വരിയുന്നത് 
അമ്മയില്ലാ കാലത്താണ്..
കണ്ണില്‍ വീണ കരട്
തോരാമഴയാകുന്നത്
അമ്മയില്ലാ കാലത്താണ്.
ഇരുട്ടിന്‍റെ മറവിലെ
പോക്കാച്ചികള്‍
തീരാ ഭയമാകുന്നത്
അമ്മയില്ലാ കാലത്താണ്.

എന്‍റെ അജീര്‍ണവും ദൃഷ്ടിദോഷവും
ഓതിയുഴിഞ്ഞ ഉപ്പും മുളകും കടുകുമായി
കനലില്‍ പൊട്ടിത്തെറിക്കുന്നത്
അമ്മയുള്ള കാലത്താണ്.

നീ ചൂടാന്‍ മോഹിച്ച പൂവുകള്‍

നീ ചൂടാന്‍ മോഹിച്ച പൂവുകള്‍
ഞാന്‍ തേടി നടന്ന നാളുകള്‍
മറക്കാന്‍ കഴിയുമോ ആദ്യമായന്നെന്‍റെ
കാതില്‍ നീ മൂളിയ ശീലുകള്‍
(നീ ചൂടാന്‍)
ഇനിയും താരകള്‍ ആകാശപൊയ്കയില്‍
നീരാട്ടിനിറങ്ങും നാള്‍ വരും
വീണ്ടും പൂക്കാലം വന്നെന്നു ചൊല്ലി
പൂങ്കാറ്റെന്നെ തഴുകി വരും
(നീ ചൂടാന്‍)
വാസന്ത പൗര്‍ണമി വിരുന്നു വരുമ്പോള്‍
പ്രിയതേ നീ എന്‍റെ സ്വന്തം
കനവുകളിനിയും തളിരണിയുമ്പോള്‍
പിരിയില്ല നാമീ ബന്ധം..

Wednesday 27 November 2013

ഫെമിനിസ്റ്റ്‌

മാഡത്തിന് ഫേസ് ബുക്ക്‌ അക്കൌണ്ട് ഉണ്ടോ?
ഇല്ല
അതെങ്ങനെയാ സംഘടിപ്പിക്കുക
വീട്ടില്‍ സിസ്റ്റമുണ്ടോ?
അതുമില്ല...
മാഡത്തിന്‍റെ സെറ്റ് ആണ്‍ഡ്രോയിടാണോ ?
എന്ത്??!!!
അല്ല ..മൊബൈല്‍ഫോണ്‍ ..
ഒരു ഫെമിനിസ്റ്റ്‌ ആയ എന്നോട് ഇങ്ങനെ ചോദിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു?!!
ആണ്‍ഡ്രോയിട് പോലും ആണ്‍ഡ്രോയിട്...ഹും...
എന്‍റെ ഭര്‍ത്താവ് കേള്‍ക്കണ്ട.....

Sunday 24 November 2013

പരമ്പരാഗത ദാമ്പത്യം

ആദ്യരാത്രിയില്‍ ഭാര്യയോടുള്ള സ്നേഹവും വാല്‍സല്യവും മൂത്ത്‌ പറഞ്ഞു
നമ്മുടെ കുഞ്ഞിനെ ഞാന്‍ പെറ്റോളാംന്ന്...
അപ്പൊ അവള്‍ പറഞ്ഞു
അവളുടെ കുഞ്ഞിനെ അവള്‍ പണ്ടേ പെറ്റുവെന്ന്..
അപ്പൊ എന്‍റെ താലി?
അത് അവളുടെ കോണാന്‍റെ വാലാണെന്ന്...
അങ്ങനെ പരമ്പരാഗത ദാമ്പത്യം മുഴച്ചു

ആ ഗോളവല്‍കരണം

എന്ത് പറയാനാ 
പണ്ട് എനിക്കുമുണ്ടായിരുന്നു
മൂട് കീറിയ ട്രൌസര്‍
ആ ഗോളവല്‍കരണം അന്ന് എനിക്ക്
പ്രശ്നമായിരുന്നില്ല.
ഇന്നോ?
രണ്ടായിരത്തിന്‍റെ വരയും കുറിയുമുള്ള തൊലിയന്‍ ട്രൌസര്‍
ഈ ഗോളവല്‍ക്കരണം ഇപ്പൊ എനക്ക്‌ സ്റ്റേററസ്സാ...

ലോകാവസാനം

ഞാനൊരു മഹാനായ എഴുത്തുകാരനാണ്
എന്റെ മഹത്വം നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല
ഞാനെഴുതുന്നത് ഞാന്‍ തന്നെ വായിച്ച്
ചിരിച്ച് ചിരിച്ച് ഞാന്‍ മരിക്കും.
എന്നെ കണ്ടു ചിരിക്കാന്‍ ആരും വരണ്ട.
വന്നാല്‍ ചിരിച്ച് ചിരിച് നിങ്ങളും മരിക്കും
അതുകാണാന്‍ വരുന്നവരും ചിരിച്ചുചിരിച്ച്‌ മരിക്കും
അങ്ങനെ അങ്ങനെ ലോകം അവസാനിക്കും..
എന്നിട്ട് എന്നെ കുറ്റം പറയരുത്

Saturday 16 March 2013

കണ്ണാടിപ്പാളങ്ങള്‍

എത്ര നേരമായി ഈ നില്പ് തുടങ്ങിയിട്ട്.
വിദൂരതയില്‍ ഒന്ന് ചേരുന്ന പാളങ്ങള്‍ മാത്രം മുന്നില്‍.
ദൂരെ പ്ലാറ്റ്ഫോമില്‍  നിന്നും വെളിച്ചം പാതിവഴിയില്‍ വന്നു ലയിച്ചു തീരുന്നു.
ഇനി വണ്ടി വരാനില്ല.
രണ്ടു മണിക്കൂര്‍ മുന്‍പ്‌ പ്ലാറ്റ്ഫോമില്‍   നല്ല ബഹളമായിരുന്നു.
വണ്ടി ദൂരെ നിന്ന് വരുന്നത് കണ്ട് വലിയ ലഗേജുകളുമായി യാത്രക്കാരുടെ പതിവ് കൂട്ടം പ്ലാറ്റ്ഫോമില്‍  തിക്കി ത്തിരക്കി....
പ്ലാറ്റ്ഫോം  കാലിയാക്കി വണ്ടി അയാളുടെ മുന്നിലൂടെ അലറി വിളിച്ച് കടന്നുപോയി.
ഓഫീസ്‌ റൂം പൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ കോട്ടേഴ്സിലേക്ക് നടന്നകന്നു.

 ഒരു ചാവാലിപ്പട്ടി ആടിയാടി വന്നു പ്ലാറ്റ്ഫോമിലെ സിമെന്‍റ്  ബെഞ്ചില്‍ കയറി കിടപ്പുറപ്പിച്ചു.

ഇനിയും എന്തിനാണ് കരിങ്കല്‍ പാളികളില്‍  ഇങ്ങനെ നില്‍ക്കുന്നത്‌.
ആര് കണ്ടാലും അയാളുടെ ആ നില്പില്‍ എന്തോ ഒരു ദുരൂഹത ഉണ്ടെന്നു കരുതുമായിരുന്നു.

ചേട്ടോ, വണ്ടി പോയി. ചാവാനാനെന്കി പൊലര്‍ച്ചക്ക് വാ, ഇപ്പൊ പോയി കെടടന്നുറങ്ങ്....

ആരാണത് ?!
അയാള്‍ ചുറ്റും നോക്കി
ആരെയും കാണുന്നില്ലല്ലോ

"ദാ,  ഇവടെ.  ഇങ്ങോട്ട്"

അയാള്‍ കണ്ടു.
പ്ലാറ്റ്ഫോമിനു താഴെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ചുവട്ടില്‍ ഒരു കറുത്ത രൂപം.
അയാള്‍ക്ക്‌ നിരാശയാണ് തോന്നിയത്.
ഈ രാത്രിയുടെ ഏകാന്തത മുഴുവനും തനിക്ക്‌ സ്വന്തമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു
പ്ലാറ്റ്ഫോമില്‍  ചുരുണ്ട് കൂടിയ ചാവാലി പട്ടിക്ക് ചെറിയ പരിഗണന ...അത്രമാത്രം.
ഇതിപ്പോള്‍ അയാള്‍ക്ക്‌ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു
ഈ രാത്രിയില്‍ വേറൊരാള്‍ ...

എപ്പോഴാണ് ഏകാന്തത സ്വസ്ഥതയിലേക്കുള്ള സോപാനമായത്‌? 
മണിക്കൂറുകള്‍ക്ക് മുന്‍പ്‌...
അവളുടെ ജീര്‍ണിച്ച ശരീരം അഗ്നിനാവുകള്‍ ആര്‍ത്തിയോടെ ചുറ്റി വരിയുന്നത് കണ്ടു നില്‍ക്കുകയായിരുന്നു അയാള്‍.

ആദ്യമായി അവളെ കാണുന്നത് ടൌണിലെ ആ പഴയ കുടുസ്സു മുറിയില്‍ വെച്ചാണ്.   താനന്നു മരക്കാരുടെ പാണ്ട്യാലയില്‍ ചുമട്ടു തൊഴിലാളിയായിരുന്നു
വൈകുന്നേരം തളര്‍ച്ചയോടെ വന്നു കയറുമ്പോള്‍ ഒരാള്‍ കാത്തു നില്പുണ്ട്. 

ഒരു സാധനമുണ്ട് സാര്‍, നാടനാ,ഒരു കൈ നോക്കിയാലോ?
എവിടെ? 
മുറീലുണ്ട് സാര്‍,
തന്നോടാരാ മുറീല്‍ കേറ്റിയിരുത്താന്‍ പറഞ്ഞത്‌?
ആരും പറഞ്ഞില്ല സാര്‍,   എനിക്കറിഞ്ഞൂടെ സാറിനെ..ഒരു മുന്നൂറിങ്ങെടുക്ക്...

മടിശീലയില്‍ നിന്നും നൂറിന്‍റെ മൂന്നു  നോട്ടുകളെടുത്ത് കൊടുത്ത് മുറിയിലേക്ക് നടന്നു.

"ഞാന്‍ രാവിലെ വരാം."

ഒരു ഇളിഭ്യ ചിരിയുമായി അയാള്‍ നടന്നകുന്നു

മുറിയുടെ മൂലയില്‍ ചുമരും ചാരി നില്‍ക്കുകയായിരുന്നു അവള്‍.

വെല്യ തെറ്റില്ല.അത്ര നാടനൊന്നുമല്ല.

ആ.. എന്തെങ്കിലുമാകട്ടെ.

അവളുടെ കണ്ണുകളില്‍ പരിചയ കുറവിന്‍റെ ചാഞ്ചല്യം.

എഴുന്നേല്‍ക്കു.
ആരോ തൊട്ടു വിളിച്ചു.
ആരാണത്?!                   
കയ്യില്‍ ചായ ഗ്ലാസുമായി അവള്‍
ഏ..നീ പോയില്ലേ?    
"അയാള്‍ വന്നില്ല. "
പരിഭ്രാന്തമായ മറുപടി

അയാള്‍ പിന്നെ ഒരിക്കലും വന്നില്ല.
തുണി മില്ലില്‍ ജോലി വാങ്ങി തരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു വന്നതാണ് . പട്ടണത്തിന്‍റെ വന്യതയില്‍ സ്വയം നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ പതിവ് ചിത്രത്തിലെ രക്തവര്‍ണമായി അവളും അലിഞ്ഞുചേര്‍ന്നു.

 നനഞ്ഞ മിഴികളില്‍ നോക്കി ഇറങ്ങി പോകാന്‍ കഴിഞ്ഞില്ല.

പാതിരാ വണ്ടിക്കാണ്‌     ഈ പ്ലാറ്റ്ഫോമില്‍  അവളുടെ കയ്യും പിടിച്ചു വന്നിറങ്ങുന്നത്.

"പഴയൊരു വീടുണ്ട്, നമുക്കിവിടെ, അമ്മ മരിച്ചപ്പോ പൂട്ടിയിട്ട്   നാടുവിട്ടതാണ്.
ആരുമില്ലാത്തവര്‍ക്ക് നഗരം എന്നും സാന്ത്വനമാണ്."

പിന്നെയും എന്തൊക്കെയോ പറഞ്ഞു.
പഴയ വഴികള്‍... വ്യഥകള്‍...നഷ്ട്ട സ്വപ്‌നങ്ങള്‍.... 
അവള്‍ ഒന്നും മിണ്ടാതെ ഒപ്പം നടന്നു.
 വര്‍ഷം തിമിര്‍ത്തു  പെയ്തു.
ഉണങ്ങി വരണ്ട മണ്‍തിട്ടകളില്‍ പുതിയ വിത്തുകള്‍ തളിര്‍ത്തു വന്നു.

പൂക്കാമരങ്ങളായി അയാളും അവളും.

വരള്‍ച്ചയുടെ താപം ഏറ്റു വാങ്ങി ചില്ലകളോരോന്നായി അടര്‍ന്നു വീഴാന്‍ തുടങ്ങി.

ഉണങ്ങി വരണ്ട മൈതാനത്തില്‍ ആകാശപ്പരപ്പിലേക്ക് ശോഷിച്ച കൈകള്‍ നീട്ടി നിശ്ചലം നില്‍ക്കുന്ന ഒറ്റ മരം പോലെ അവള്‍.
ഇരുട്ട് മൂടിയ ഗുഹക്കുള്ളിലൂടെ തപ്പിയും തടഞ്ഞും തട്ടി വീണു ചോര ചിന്തിയും......
വെളിച്ചത്തിന്‍റെ കണിക പോലും കാണാതെ അവള്‍ ഒറ്റക്ക് നടക്കുകയായിരുന്നു.

പക്ഷെ....
നിലയില്ലാ കയത്തിലേക്ക് അയാളും പൊടുന്നനെ വീണു.
ജീവനും മരണത്തിനും ഇടയില്‍ ഏഴായി കീറി പാലമിട്ട ദുരിതത്തിന്‍റെ ഇഴകളിലൂടെ ജന്മ ശാപങ്ങളുടെ അഗാധതയില്‍ ആളിക്കത്തുന്ന കൊടും തീയുടെ ഉള്‍ചൂടിലേക്ക്  വീഴുന്നത്  എന്നാണെന്ന് അറിയാതെ അവള്‍ക്കു പിന്നിലായി അയാളും നടന്നു.

കൈവിട്ട ജീവിതത്തിന്‍റെ ശവപറമ്പില്‍  ചിതറി തെറിച്ച സ്വപ്നങ്ങളുടെ കൂര്‍ത്ത കോണുകളില്‍ ചവിട്ടി അവരുടെ പിന്നില്‍ പാത ചുവന്നു കൊണ്ടിരുന്നു.

തീരാ വ്യഥയുടെ വിഴുപ്പു ഭാണ്ഡവുമായി വന്നു കയറിയ ക്ഷണിക്കാത്ത അതിഥികളോടെന്ന പോലെ അവര്‍ക്ക് മേല്‍ പരിഹാസവും അവഗണനയും ഇടിത്തീയായി..

നിശ്ചേഷ്ടമായ അവളുടെ ശരീരം ചിതയിലെടുത്ത് വെയ്ക്കുമ്പോള്‍ ഉള്ളിലടക്കിയ തേങ്ങലുകള്‍ ആര്‍ത്ത നാദമായി തന്നെ വിഴുങ്ങുന്നത് അയാളറിയുന്നുണ്ടായിരുന്നു..

ആടിതിമിര്‍ക്കുന്ന അഗ്നി നാളങ്ങള്‍ ഇണചേരുന്ന സര്‍പ്പങ്ങളെ പോലെ അയാള്‍ക്ക് മുന്നില്‍ സീല്‍ക്കാരമുയര്‍ത്തി

കത്തിയമര്‍ന്ന ചാരത്തിനടിയില്‍ നിന്ന് കനലുകള്‍ അയാളെ തുറിച്ചു നോക്കി.
തനിക്ക് ചുറ്റും ചൂടേറുകയാണെന്ന അറിവ് അയാളെ ഭയപ്പെടുത്തി.

അവളുടെ പതിഞ്ഞ സ്വരം....
"ജീവിക്കണം ജീവന്‍ നിലക്കുവോളം.
ജ്വലനത്തിന്‍റെ ഓരോ നിമിഷത്തിലും മരണത്തിലേക്ക് ദൂരം കുറഞ്ഞു വരികയാണെന്ന് അറിയാമെങ്കിലും പാതി വഴിയില്‍ കരിന്തിരി കത്താതെ മെഴുകു തിരികള്‍ എരിഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടിട്ടില്ലേ"

വീശിയടിച്ച കാറ്റില്‍ ചിതയില്‍ നിന്നും പറന്നുയര്‍ന്ന ധൂമപടലം അയാളുടെ ചുട്ടു പഴുത്ത ദേഹം പൊതിഞ്ഞു.
ഒരിക്കല്‍ കൂടി അവളുടെ ഗാഡാലിംഗനത്തില്‍ അയാള്‍ ലയിച്ചു നിന്നു.

ചിതയില്‍ നിന്നും ഇഴഞ്ഞടുത്ത  അഗ്നി നാഗത്തിന്‍റെ ദംശമേല്‍ക്കാതെ അയാള്‍ പിന്തിരിഞ്ഞോടി.
കിതച്ചു കൊണ്ട് അയാള്‍ വന്നു നിന്നത് ഈ കരിങ്കല്‍ കഷണങ്ങള്‍ക്ക് മുകളിലായിരുന്നു.

ഗ്രാമത്തിനും നഗരത്തിനും ഇടയില്‍ ഏഴായി കീറി പാലമിട്ട ഇരുമ്പ്‌ പാളങ്ങള്‍ക്കരികില്‍.

കിതപ്പാറി കൊണ്ടിരുന്ന നിമിഷങ്ങളില്‍ തനിക്ക് കൈവന്ന ഏകാന്തതയുടെ സാന്ത്വനം ആവോളം ആസ്വദിക്കാനുള്ള വ്യഗ്രതയായിരുന്നു അയാള്‍ക്ക്‌.

എല്ലാം നഷ്ടപ്പെട്ടവന്‍റെ ആത്മ നൊമ്പരം ഇരുട്ടിനോട് പറഞ്ഞു തീര്‍ക്കാനുള്ളതാണ്.
ഏകാന്തതയുടെ ഇരുട്ട്... .......
പങ്കുവെക്കാനില്ലാത്ത  ഇരുട്ട്.

കരിങ്കല്ലിന്‍റെ ഒരു വലിയ കഷണം ഇരുട്ടില്‍ നിന്ന് അയാള്‍ തെരഞ്ഞു പിടിച്ചു .
അതുമെടുത്ത്‌ പാളം കടന്ന് ആല്‍മരത്തിന്‍റെ ചോട്ടിലേക്ക് നടന്നു.
മണ്ണിന്‍റെ  ഉര്‍വരതയിലേക്ക് വേരുകളാഴ്ത്തി നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ചുവട്ടില്‍ അയാള്‍ ആ കറുത്ത രൂപം തെരഞ്ഞു.
കരിനാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞു മദിക്കും പോലെ രണ്ടു നിഴലുകള്‍ തനിക്ക് മുന്നില്‍ കെട്ടുപിണഞ്ഞു പുളയുന്നത് അയാള്‍ കണ്ടു.

നോക്കി നില്‍ക്കെ നിഴലുകളുടെ എണ്ണം പെരുകി വന്നു.

അവയുടെ സീല്‍ക്കാരം കത്തി തീരാത്ത ചിതയുടെ കൊടും ചൂടിലേക്ക് തന്നെ വലിച്ചിടുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.
നിഴലുകള്‍ അയാളെ നോക്കി പല്ലിളിച്ചു.
അവയ്ക്ക് അയാളുടെയും അവളുടെയും അതേ ച്ഛായായിരുന്നു.

കരിങ്കല്‍ കഷ്ണം വലിച്ചെറിഞ്ഞ്    അയാള്‍ ഓടി . 
നടുപാളത്തിലൂടെ ഓടിയകന്ന അയാള്‍ക്ക്‌ എതിരെ കൊടുംകാറ്റുപോലെ ഒരു വണ്ടി പാഞ്ഞടുക്കുന്നുണ്ടായിരുന്നു

പ്ലാറ്റ്ഫോമിലെ സിമെന്‍റ്ബെഞ്ചില്‍ ഉറക്കം നടിച്ചു കിടന്ന പട്ടി ചാടി എഴുന്നേറ്റ്  നീട്ടി മോങ്ങി.